ഒറ്റമേഘത്തിന്റെ ആകാശനൃത്തം | കവിത | CV Manuvilsan.
മൗനത്തെ മഹാശബ്ദമാക്കുന്ന മുറിവുകളുടെ ഓർമ്മയും, ഒറ്റമേഘമായി നിലനിൽക്കാനുള്ള ആത്മധൈര്യവും ഈ കവിതയുടെ ഹൃദയമാണ്. ആകാശനൃത്തമെന്ന ഭ്രമത്തിനകത്ത് മറഞ്ഞിരിക്കുന്ന അതിജീവനത്തിന്റെ സാക്ഷ്യമാണ് ഈ വരികൾ.
ഒറ്റമേഘത്തിന്റെ ആകാശനൃത്തം
— മനുവിൽസൻ
ഒരിക്കൽ,
ചതുർമേഘങ്ങൾ മന്ത്രവലയം തീർത്തിരുന്ന
എന്റെ ആകാശം
ആമോദത്തിന്റെ ഒരു ഭവനമായിരുന്നു.
കൊടുങ്കാറ്റിനെതിരെ
ഒന്നായി തുഴഞ്ഞ ആത്മവിശ്വാസം
ഒരു പേയിളകിയ മന്ദമാരുതത്തിൽ
ചിതറിപ്പോയ കഥയായി.
വർഷങ്ങൾക്കിപ്പുറം
തിരിഞ്ഞുനോക്കുമ്പോൾ,
അതേ ആകാശത്ത്
ഒറ്റമേഘമായി അവശേഷിക്കുന്നത്
ഞാൻ മാത്രം.
തെളിഞ്ഞ നിലാകാശത്തെ
കറുത്ത രക്താർദ്രമാക്കി മാറ്റിയ
മുറിവുകളുടെ ശേഷിപ്പുകൾ
ഇന്നും മൗനത്തെ മഹാശബ്ദമാക്കി
പിളർക്കാൻ മതിയാവുന്നു.
ഒറ്റമേഘത്തിന്റെ ആകാശനൃത്തം
കാണികൾക്കെന്നുമൊരു ഹരമായിരുന്നു;
പക്ഷേ അത് നൃത്തമല്ലായിരുന്നു—
നിസ്സഹായതയുടെ അതിജീവനദൃശ്യം
ആണെന്ന്
എനിക്കുമാത്രം അറിയാമായിരുന്നു.
Manuvilsan

Comments
Post a Comment